നാഗ്പുർ: ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. സൂരജ് ശിവണ്ണ (36) എന്ന യുവാവാണ് നാഗ്പൂരിൽ ഒരു ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്.
ബംഗളൂരു സ്വദേശിയായ യുവാവ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിൽ എത്തിയത്. യുവാവിനൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ചയാണ് സൂരജിന്റെ ഭാര്യ ഗാൻവി ബംഗുളൂരുവിൽ മരിച്ചത്. ഗാൻവിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൂരജിനെതിരെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നാരോപിച്ചു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ചൊവ്വാഴ്ച ആത്മഹത്യക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ ഗാൻവിയുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചു.
യുവതിയുടെ മരണത്തിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ സൂരജും കുടുംബവും മകളെ അധിക്ഷേപിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി ഗാൻവിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിൽ നൽകിയിരുന്നു.
തുടർന്നു ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെതിരെ പോലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണു നാഗ്പൂരിലേക്കു കടന്ന യുവാവ് ജീവനൊടുക്കിയത്. സൂരജിന്റെ സഹോദരൻ സഞ്ജയ് ശിവണ്ണയാണ് ആത്മഹത്യാ വിവരം നാഗ്പൂർ പോലീസിൽ അറിയിച്ചത്.
ബംഗുളൂരുവിൽ വച്ച് ഒക്ടോബർ 29നായിരുന്നു സൂരജിന്റെയും ഗാൻവിയുടെയും വിവാഹം. ഹണിമൂണിനായി ശ്രീലങ്കയിലേക്കു പോയെങ്കിലും ചില പ്രശ്നങ്ങളെത്തുടർന്നു യാത്ര പാതിയാക്കി ഇവർ തിരിച്ചുപോന്നിരുന്നു.
സൂരജിന്റെ ബന്ധുക്കൾ യുവതിയെ നിരന്തരം അപമാനിച്ചിരുന്നതായി ഗാൻവിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇതേത്തുടർന്നു യുവതിയെ ഇവർ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.